വായ്പ ലഭിച്ചില്ല; അമ്മയേയും സഹോദരിയേയും ജ്വല്ലറിയിലിരുത്തി, യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2021 09:05 AM  |  

Last Updated: 07th December 2021 09:06 AM  |   A+A-   |  

man hangs self

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി തൂങ്ങിമരിച്ച് യുവാവ്. സഹോദരിയുടെ വിവാഹത്തിനായി ആഭരണങ്ങള്‍ എടുക്കാനാണ് ജുവല്ലറിയില്‍ പോയത്. വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. 

തൃശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്. മൂന്ന് സെന്റ് ഭൂമി മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ എവിടെ നിന്നും വായ്പ് ലഭിച്ചില്ല. പിന്നാലെ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതായി അറിയിപ്പ് വന്നു. ഇതോടെ വിവാഹത്തിനുള്ള സ്വര്‍ണം എടുക്കാന്‍ അമ്മയേയും സഹോദരിയേയും കൂട്ടി പോയി. 

സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് അടുത്ത ഞായറാഴ്ച

പണവുമായി ഉടന്‍ വരാം എന്ന് പറഞ്ഞാണ് വിപിന്‍ ജുവല്ലറിയില്‍ നിന്ന് പോയത്. എന്നാല്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും വരാതായതോടെ അമ്മയും സഹോദരിയും തിരികെ വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 

സുപ്പര്‍ മാര്‍ക്കറ്റിലായിരുന്നു വിപിന് ജോലി. എന്നാല്‍ കോവിഡ് കാലത്ത് അത് നഷ്ടമായി.സഹോദരിയുടെ വിവാഹം നിശ്ചയിച്ചിട്ട് കുറച്ചു നാളായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നീട്ടിവെച്ചു. അടുത്ത ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.