21 മുതല്‍ അനിശ്ചിതകാല ബസ് സമരം; വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം ആറു രൂപയാക്കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 12:45 PM  |  

Last Updated: 08th December 2021 12:45 PM  |   A+A-   |  

Private bus rate

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 21മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി.

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധി, ഇന്ധന വില വര്‍ധന തുടങ്ങി വിവിധ കാരണങ്ങളാല്‍ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. അതിനാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് അടക്കം ഉടന്‍ വര്‍ധിപ്പിക്കണമെന്നതാണ് മുഖ്യആവശ്യം.