ഇടതുമുന്നണിക്ക് 16, യുഡിഎഫിന് 13; ഇടമലക്കുടിയില്‍ ബിജെപിക്ക് അട്ടിമറി വിജയം 

ഇരിങ്ങാലക്കുട നഗരസഭ യുഡിഎഫ് നിലനിര്‍ത്തി; ഇടമലക്കുടിയില്‍ ഒരു വോട്ടിന് സിപിഎമ്മിനെ ബിജെപി പരാജയപ്പെടുത്തി
ഇടതുമുന്നണിക്ക് 16, യുഡിഎഫിന് 13; ഇടമലക്കുടിയില്‍ ബിജെപിക്ക് അട്ടിമറി വിജയം 
Updated on
3 min read

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് 16 ഇടത്ത് വിജയിച്ചു. 13 വാര്‍ഡുകളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചപ്പോള്‍ ഒരു വാർഡിൽ സിപിഎം വിമതനും വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിവെ വെട്ടുകാട് വാര്‍ഡില്‍ ഇടതുമുന്നണി വിജയിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി ക്ലൈനസ് റൊസാരിയോ ആണ് വിജയിച്ചത്. 1490 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ബെര്‍ബി ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തിയത്. 

സിഐടിയു അഖിലേന്ത്യാ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റി അംഗവും, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നേതാവുമാണ് ക്‌ളൈനസ് റൊസാരിയോ. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ആര്‍ എസ് പി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം പോള്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. സിപിഎം കൗണ്‍സിലറായിരുന്ന സാബു ജോസ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

സിപിഎം വിമതന് വിജയം

പാലക്കാട് എരുമയൂര്‍ ഒന്നാം വാര്‍ഡില്‍ സിപിഎം വിമതന്‍ ജെ അമീര്‍ വിജയിച്ചു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഇദ്ദേഹം. യുഡിഎഫ് സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 337 വോട്ടിനാണ് അമീറിന്റെ വിജയം. പാലക്കാട് തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ളയില്‍ ഇടതുമുന്നണി നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥി എം സന്ധ്യയാണ് വിജയിച്ചത്. 

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ (കര്‍ക്കിടകചാല്‍ ) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ കെ അശോകന്‍ വിജയിച്ചു. കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥി ടി കെ നാരായണന്‍, ബിജെപി സ്ഥാനാര്‍ത്ഥി സി കെ ശംഖുരാജ് എന്നിവരെയാണ് തോല്‍പ്പിച്ചത്.വിജയിച്ച അശോകന്‍ സിപിഎം വിടാനാംകുറുശ്ശി ലോക്കല്‍ കമ്മിറ്റി അംഗമാണ്.

യുഡിഎഫ് സീറ്റ് സിപിഎം പിടിച്ചെടുത്തു

കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു. സിപിഎമ്മിലെ വി ജി അനില്‍കുമാര്‍ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

കാണക്കാരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ ബിനോയ് ചെറിയാന്റ വിജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ കെ അനില്‍കുമാറും മത്സരിച്ചു. നിലവില്‍ LDF ഭരണമാണ് കാണക്കാരി പഞ്ചായത്തില്‍. തെരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല.

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആദര്‍ശ് ജോസഫ് വിജയിച്ചു. കോണ്‍ഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ്  പരാജയപ്പെടുത്തിയത്. ഇ ആര്‍ ലജീഷ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 

പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എംഎല്‍എയായതോടെ  രാജിവെച്ച  ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ വാര്‍ഡ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരിക്കുന്ന  പഞ്ചായത്തില്‍ 14 അംഗ ഭരണ സമിതിയില്‍ എല്‍ഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നിങ്ങനെയാണ്  കക്ഷിനില.

സിപിഎം സീറ്റ് ബിജെപി പിടിച്ചെടുത്തു

ഇടുക്കി ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ സിപിഎം സിറ്റിങ്ങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് വിജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഎം) വിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവന്‍ മൂന്നാം സ്ഥാനത്താണ്. സിപിഎം അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിൽ 15ാം വാർഡ്‌  വളളിയോത്ത്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ ഒ എം  ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയം. കെ വി പുഷ്പരാജനായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ഥി.  എൻഡിഎയുടെ എം സി കരുണാകരനും മത്സരിച്ചു. മുസ്ലിം ലീഗ് അം​ഗം ഇ ഗംഗാധരന്റെ മരണത്തെ തുടർന്നാണ്  ഉപതെരഞ്ഞെടുപ്പ്  വേണ്ടി വന്നത്.

ഏരുവേശ്ശി പഞ്ചായത്ത് കൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിലിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിൻ്റെ വാർഡായിരുന്ന ഈ വാർഡ്  2010 - ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

കോട്ടയം മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്  സുനു ജോർജാണ് വിജയി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബെന്നി ജോസഫി(സിപിഎം)നെയാണ് പരാജയപ്പെടുത്തിയത്. മലപ്പുറം തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ടി പി സാഹിറിനെയാണ് പരാജയപ്പെടുത്തിയത്.  

പാലക്കാട് എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ പി രമേഷ്‌‌‌കുമാര്‍ വിജയിച്ചു.
രാമരാജ് (കോണ്‍ഗ്രസ്), എന്‍ നാഗമുത്തു (ബിജെപി) എന്നിവരാണ് മൽസരരം​ഗത്തുണ്ടായിരുന്നത്. സിപിഎം അംഗം തങ്കരാജ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു വോട്ടെടുപ്പ് വേണ്ടി വന്നത്. കുഴൽമന്ദം ബ്ലോക്ക്‌ ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥി ഇ സോമദാസ്‌ വിജയിച്ചു. സിപിഎം മാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്‌. പി കലാധരന്‍ (കോണ്‍ഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍. 

കൊല്ലത്ത് യുഡിഎഫിന് വിജയം

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടുവാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. ചിതറ പഞ്ചായത്തിലെ സത്യമംഗലം വാർഡ് കോൺഗ്രസിലെ എസ് ആശ 14 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ  രത്നമണി 172 വോട്ടിന് വിജയിച്ച വാര്‍ഡിൽ ഇക്കുറി കഷ്ടിച്ചാണ് വിജയം. 

തേവലക്കര പഞ്ചായത്തിലെ  നടുവിലക്കര മൂന്നാംവാർഡിൽ യുഡിഎഫിലെ പ്രദീപ് കുമാർ (ആര്‍എസ്‍പി) 317 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു.  ഇവിടെ എൽഡിഎഫ് രണ്ടാമതായി. അവധിയെടുക്കാതെ വിദേശത്ത് പോയതിനെ തുടർന്ന് ബിജെപി അംഗം മനോജ്കുമാറിനെ അയോഗ്യനാക്കിയതോടെയാണ്‌  ഇവിടെ ഒഴിവ് വന്നത്‌.

തിരുവനന്തപുരം വിതുര ​ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടതുമുന്നണി വിജയിച്ചു. മലപ്പുറം കാലടി പഞ്ചായത്തിലെ ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എം രജിത 282 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഇരിങ്ങാലക്കുട യുഡിഎഫ് നിലനിർത്തി

തൃശൂർ ഇരിങ്ങാലക്കുട ചാലാംപാടം ഡിവിഷനിലേക്ക് നടന്ന ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി മിനി ചാക്കോള 151 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ ന​ഗരസഭ ഭരണം യുഡിഎഫ് നിലനിർത്തി. ഇരിങ്ങാലക്കുട  നഗരസഭയിലെ യുഡിഎഫിനും എല്‍ഡിഎഫിനും അംഗബലം തുല്യമായതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാന്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു. 

ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ സിപിഎം തൂത്തുവാരി

ഉപതെരഞ്ഞെടുപ്പ് നടന്ന  ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നിടത്തും ഇടതുമുന്നണി വിജയിച്ചു. മൂന്ന് സിറ്റിങ് സീറ്റുകളും സിപിഎം നിലനിര്‍ത്തി. കോഴിക്കോട് ജില്ലയിലെ നന്‍മണ്ട ഡിവിഷനില്‍ സിപിഎമ്മിന്റെ റസിയ തോട്ടായി 6766 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ ജമീലയെ തോല്‍പ്പിച്ചു. കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ ജില്ലയിലെ അരൂര്‍ ഡിവിഷനില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി അനന്തു രമേശന്‍ അയ്യായിരത്തിനടുത്ത് വോട്ടുകള്‍ക്കാണ് വിജയിച്ചത്. കെ എസ് ദലീമ നിയമസഭയിലേക്ക് വിജയിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാലക്കാട് ശ്രീകൃഷ്ണപുരം ജില്ലാപഞ്ചായത്ത്  ഡിവിഷനില്‍ സിപിഎം നേതാവ് കെ ശ്രീധരന്‍ മാസ്റ്റർ കോണ്‍ഗ്രസിലെ പി ഗിരീശനെ 9270 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കെ പ്രേംകുമാര്‍ എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com