ലൈംഗിക പീഡനക്കേസില്‍ കൈക്കൂലി; എഎസ്‌ഐക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയമിച്ച് ഇടക്കാല ഉത്തരവിറക്കി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: ഉത്തരേന്ത്യക്കാരിയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐക്കെതിരെ കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി. പൊലീസിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയമിച്ച് ഇടക്കാല ഉത്തരവിറക്കി. ജനുവരി ആദ്യആഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പരാതിക്കാരില്‍നിന്നു വിമാനക്കൂലിയായി പൊലീസ് വാങ്ങിയ പണം തിരികെ നല്‍കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുവതിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിനോദ് കൃഷ്ണ എന്ന എഎസ്‌ഐക്കെതിരെ പരാതിയുമായി വന്നതോടെ ഇതു സംബന്ധിച്ച അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്ക് ആധാരമായ സംഭവം. വീടുവിട്ടു പോയ യുവതിയെ കണ്ടെത്തുന്നതിന് അന്വേഷണത്തിനായി മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയിലേയ്ക്കു പോകാന്‍ വിമാനടിക്കറ്റ് ചോദിച്ചു വാങ്ങിയെന്നായിരുന്നു യുപി സ്വദേശികളായ മാതാപിതാക്കളുടെ പരാതി. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ അഞ്ചു ലക്ഷം കൈക്കൂലി ചോദിച്ചെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇത് ഞെട്ടിക്കുന്നതാണ് എന്നായിരുന്നു കോടതിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com