ആറാമത്തെ കുഞ്ഞ്, നാട്ടുകാരുടെ പരിഹാസം, ഒപ്പം ദാരിദ്ര്യവും; നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കി കൊന്നതില്‍ അമ്മയുടെ കുറ്റസമ്മതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 07:09 AM  |  

Last Updated: 11th December 2021 08:45 AM  |   A+A-   |  

baby infant died

പ്രതീകാത്മക ചിത്രം


കാഞ്ഞിരപ്പള്ളി: ദാരിദ്ര്യവും അപമാനവും മൂലം നവജാത ശിശുവിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ ഇവരുട മൂത്ത കുട്ടിയേയും പ്രതി ചേർക്കുമെന്ന് പൊലീസ്.  കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ ഇട്ടതെന്ന് നിഷ പൊലീസിനോട് പറഞ്ഞു. 

ഇടക്കുന്നം മുക്കാലി മരൂർമലയിൽ സുരേഷിന്റെ ഭാര്യ നിഷ ആണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്. ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നു നിഷ പറഞ്ഞു. 

കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്ന നിലയിൽ കുട്ടികളിൽ ഒരാളുടെ മൊഴി

ഒരുവശം തളർന്നു പോയ താൻ മുതിർന്ന കുട്ടിയുടെ  സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുഞ്ഞ് അബദ്ധത്തിൽ കൈയിൽ നിന്നു വെള്ളത്തിൽ വീണു മരിച്ചതാണെന്നാണു നിഷ ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്ന നിലയിൽ ഇവരുടെ കുട്ടികളിൽ ഒരാൾ പൊലീസിനു മൊഴി നൽകി. ഇതോടെ വീണ്ടും ചോദ്യം ചെയ്തപ്പോൾ നിഷ കുറ്റം സമ്മതിച്ചു. 

ഞായറാഴ്ചയാണ് നിഷ പ്രസവിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം.  പ്രസവ ശേഷം വേണ്ടത്ര ശുശ്രൂഷ നിഷയ്ക്ക് ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് റിമാൻഡ് ചെയ്ത നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.