സമരം നടത്തിയ കോൺ​ഗ്രസുകാർക്ക് 'തീവ്രവാദബന്ധം'; റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; യോഗി പൊലീസിന് പഠിക്കുകയാണെന്ന് വിമർശനം

പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നായിരുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കൊച്ചി: നിയമ വിദ്യാര്‍ത്ഥി മൊഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് വിവാദമാകുന്നു. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നായിരുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് ഉൾപ്പടെയുള്ളവർ രം​ഗത്തെത്തി. 

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. തീവ്രവാദ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കാൻ കസ്റ്റഡിയിൽ വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് അൻവർ സാദത്ത് ഫേയ്സ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയത്. പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, ഈ രീതിയില്‍ റിമാന്‍റ് റിപ്പോര്‍ട്ട് എഴുതിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

അൻവർ സാദത്തിന്റെ കുറിപ്പ്

നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കുന്ന പോലീസ് നയം കേരളത്തിന് അപമാനമാണ്.

വിദ്യാർത്ഥി നേതാവ് അൽ .അമീൻ അഷറഫ്, നേതാക്കളായ നെജീബ് ,അനസ് എന്നിവർ മോഫിയാ പർവീനും കുടുംബത്തിനും നീതി ലഭിക്കാനാണ് പോരാടിയത്. ഇവർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല. പൊതു പ്രവർത്തനം നടത്തുന്ന കോൺഗ്രസുകാരാണ്. പക്ഷെ പോലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം ഗുരുതരവും അപമാനവുമാണ്. പിണറായി പോലീസ് യോഗി പോലീസിന് പഠിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻ്റ് റിപ്പോർട്ടിൽ അവരെ തീവ്രവാദികളാക്കി മാറ്റിയ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. റൂറൽ എസ്.പി കാർത്തിക്കിനെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പൊതുജന സമക്ഷം പോലീസ് നടപടികൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com