കേരളത്തിലും ഒമൈക്രോണ്‍; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2021 06:20 PM  |  

Last Updated: 12th December 2021 06:34 PM  |   A+A-   |  

veena george

വീണാ ജോര്‍ജ്

 

കൊച്ചി: ഒമൈക്രേണ്‍ വൈറസ് സംസ്ഥാനത്തും സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 വയസ്സുള്ള ആള്‍ക്കാണ് രോഗം. 

ആറാം തീയതിയാണ് ഇദ്ദേഹം യുകെയില്‍ നിന്നെത്തിയത്. അന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നില്ല. എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം നിരീക്ഷണത്തിലാണ്. ഭാര്യയുമായും അമ്മയുമായും മാത്രമാണ് ഇദ്ദേഹത്തിന് സമ്പര്‍ക്കമുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 

യുകെയില്‍ നിന്ന് അബുദാബി വഴിയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.  വിമാനത്തില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

ഒമൈക്രോണ്‍ ബാധിതര്‍ 38 

അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലും ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആള്‍ക്കാണ് നാഗ്പ്പൂരില്‍ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.