പുരുഷന്മാരുടെ വിവാഹപ്രായവും 18 ആക്കി കുറയ്ക്കണം; പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം : ഫാത്തിമ തെഹലിയ

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക
ഫാത്തിമ തെഹലിയ/ ഫെയ്സ്ബുക്ക് ചിത്രം
ഫാത്തിമ തെഹലിയ/ ഫെയ്സ്ബുക്ക് ചിത്രം

മലപ്പുറം: പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ഹരിത മുന്‍ നേതാവ് ഫാത്തിമ തെഹലിയ. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അതുകൊണ്ടുതന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഫാത്തിമ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. 

18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലേ എന്ന ചോദ്യവും ഉയര്‍ന്നേക്കാം. തീര്‍ച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. ഫാത്തിമ തെഹലിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വ്യാപക വിമർശനം, മറുപടി കുറിപ്പുമായി വീണ്ടും

ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മറുപടിയായി വീണ്ടും ഫാത്തിമ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള പ്രസ്തുത നിലപാടില്‍ മതത്തെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല. മെറിറ്റ് ഉള്‍ക്കൊള്ളാതെ രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം തന്റെ നിലപാടിനെ 'മതകീയ' നിലപാടായി പരിഹസിക്കുകയാണ്. തന്റെ അതേ നിലപാടാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ കമ്യൂണിസ്റ്റ് നേതാവ് ആനിരാജയും ഉയര്‍ത്തിയത്. 

വെട്ടുകിളികൂട്ടങ്ങൾ സ്വന്തം പാർട്ടി നിലപാട് പഠിക്കാനും സമയം കണ്ടെത്തണം

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കുട്ടികളുടെ പോഷക ആഹാര പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാത്ത സര്‍ക്കാറിന്റെ ശ്രദ്ധ തിരിക്കല്‍ തന്ത്രമാണ് അതെന്നും സിപിഎമ്മിന്റെ മഹിളാ സംഘടന അഭിപ്രായപ്പെട്ടു. തന്റെ പോസ്റ്റിൽ വന്ന് ആവേശം കൊണ്ട വെട്ടുകിളി കൂട്ടങ്ങൾ സ്വന്തം പാർട്ടി നിലപാടുകൾ പഠിക്കാൻ എങ്കിലും സമയം കണ്ടെത്തുക ! എന്നും ഫാത്തിമ തെഹലിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com