രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം നാളെ; മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 07:20 PM  |  

Last Updated: 19th December 2021 07:20 PM  |   A+A-   |  

ranjith_sreenivasan_death

കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍

 

ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും. ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വൈകിയതിനാൽ നടപടിക്രമങ്ങൾ നാളത്തേക്ക് മാറ്റുകയായിരുന്നു.   

പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കൾ പൊലീസുമായും ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് വിശദീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പൊലീസുമായി സഹകരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പൊലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സംസ്കാരത്തിന്റെ സമയം തീരുമാനിച്ചത്. 

എന്നാൽ പൊലീസ് മനപ്പൂർവം ഇന്ന് സംസ്കാര ചടങ്ങ് അനുവദിക്കാതിരിക്കാൻ പോസ്റ്റ്മോർട്ടം വൈകിപ്പിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം പൊലീസ് നടപടിയോടും ആശുപത്രി അധികൃതരോടും സഹകരിക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

നാളെയായിരിക്കും രഞ്ജിത്തിന്റെ മൃതദേഹം സംസ്കരിക്കുക. ഉച്ചയ്ക്ക് മുൻപ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.