ആലപ്പുഴയിൽ ഇന്ന് സർവകക്ഷി യോ​ഗം; നിരോധനാജ്ഞ 22 വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2021 06:48 AM  |  

Last Updated: 21st December 2021 06:50 AM  |   A+A-   |  

renjith_shan_2

കൊല്ലപ്പെട്ട ആര്‍എസ്എസ്, എസ്ഡിപിഐ നേതാക്കള്‍

 

ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സർവകക്ഷി യോഗം ഇന്ന്. വൈകീട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ്‌ ഹാളിൽ ചേരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. 

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ എംപിമാർ, എംഎൽഎമാർ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന യോ​​ഗത്തിൽ ബിജെപി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് യോ​ഗം മാറ്റിയത്. ബിജെപി ഇന്ന് പങ്കെടുക്കും.

അതേസമയം ക്രിമിനൽ നടപടിക്രമം 144 പ്രകാരം ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി. 22ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ ദീർഘിപ്പിച്ചത്. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു ആലപ്പുഴയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങൾ. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചു. 

പിന്നാലെ മണിക്കൂറുകൾക്കകം ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.