ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരനും പിടിയില്‍ 

പെരിഞ്ചേരിയില്‍ ബംഗാളുകാരനായ മന്‍സൂര്‍ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഥലം
മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഥലം

തൃശൂര്‍: പെരിഞ്ചേരിയില്‍ ബംഗാളുകാരനായ മന്‍സൂര്‍ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ മന്‍സൂറിന്റെ ഭാര്യ രേഷ്മ ബീവിയെയും കാമുകന്‍ ബീരുവിനെയും സഹായിച്ച പതിനേഴുകാരനാണ് പിടിയിലായത്. ബീരുവിന്റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ പതിനേഴുകാരന്‍.

ബീരു ആണ് മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും അറസ്റ്റിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച പതിനേഴുകാരനും പിടിയിലായത്.

തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രേഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ പങ്ക് വെളിവായത്. ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മൃതദേഹം കുഴിച്ചിട്ട ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ രേഷ്മ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com