ആലപ്പുഴ രഞ്ജിത്ത് വധം; നാല് പേർ കസ്റ്റഡിയിലെന്ന് സൂചന; ബൈക്കിൽ രക്തക്കറ 

ആലപ്പുഴ രഞ്ജിത്ത് വധം; നാല് പേർ കസ്റ്റഡിയിലെന്ന് സൂചന; ബൈക്കിൽ രക്തക്കറ 
കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍
കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലെന്ന് സൂചന. പ്രതികൾ ഉപയോ​ഗിച്ചുവെന്ന് കരുതുന്ന ബൈക്കും പൊലീസ് കണ്ടെത്തി. ബൈക്കിൽ രക്തക്കറ ഉള്ളതായും സൂചനകളുണ്ട്. പൊലീസ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല.

ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.

അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രതീഷ്, പ്രസാദ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ഇവരെ ഇന്നലെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഷാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ആർഎസ്എസിന്റെ പ്രതികാരമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരല്ല അറസ്റ്റിലായത്. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവർക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തിൽ പങ്കെടുത്തത്. ഇവർ ഉടൻ പിടിയിലാവുമെന്ന് പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനയിൽ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.

ഷാനെ കൊലപ്പെടുത്താനായി പ്രതികൾ എത്തിയതെന്ന് കരുതുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങരയിൽ നിന്നാണ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com