പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്

പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. 25,000 രൂപ കോടതിച്ചെലവ് കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കുട്ടിയെ സമൂഹമധ്യമത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു.  ജില്ലാ പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. 

ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ സംഭവത്തിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവിട്ടു. 

പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട കാര്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി.

മൊബൈൽ മോഷ്ടിച്ചുവെന്ന ആരോപണം, അന്ന് സംഭവിച്ചത്...

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്. 

ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കണ്ടുകിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ,  പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്പി നൽകിയത്. 

തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി. ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവിട്ടു. എന്നാൽ പൊലീസ് ഉദ്യോ​ഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് ഐജിയും റിപ്പോർട്ടിൽ ആവർത്തിച്ചത്. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐജി പറഞ്ഞത്. 

പൊലീസ് ഉദ്യോ​ഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർ​ഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. എന്നാൽ സ്ഥലംമാറ്റത്തിൽ പൊലീസ് നടപടി അവസാനിപ്പിക്കുകയായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com