നഷ്ടമായത് ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കര്‍; പിടി തോമസിനെ അനുസ്മരിച്ച് നേതാക്കള്‍

പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പിടി തോമസ് എംഎല്‍എയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ നേതാക്കള്‍. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയില്‍ മാതൃകാ വ്യക്തിത്വമെന്ന് സ്പീക്കര്‍ എം ബി രാജേഷ് അനുസ്മരിച്ചു. നിയമസഭയ്ക്ക് വലിയ നഷ്ടമാണെന്നും രാജേഷ് പറഞ്ഞു. പൊതു പ്രവര്‍ത്തനത്തില്‍ എന്നും മാന്യത കാത്തുസൂക്ഷിച്ച നേതാവാണ് പി ടി തോമസെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

തലമുറയെ സ്വാധീനിച്ച വ്യക്തിത്വമെന്ന് വിഡി സതീശൻ

ശക്തമായ നിലപാടുകളുള്ള, ഒരു കാലത്തെ തലമുറയെ സ്വാധീനിച്ച വ്യക്തിത്വമാണ് പി ടി തോമസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. തന്റെ കൂടി നേതാവാണ് പിടി തോമസ്. താന്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍ കെ എസ് യു സംസ്ഥാന നേതാവായിരുന്നു അദ്ദേഹം. പി ടി തോമസിന്റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെ : കെ സുധാകരന്‍

പിടി തോമസിന്റേത് അപ്രതീക്ഷിത വിയോഗമെന്നും, നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും പോരാളിയാണ് പി ടി തോമസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. 

ആരും കാണാത്ത വസ്തുതകള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് പിടി തോമസ് എന്ന് മുസ്ലിം ലീഗ് നേതാവ് പിടി കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. രാഷ്ട്രീയത്തിലെ അതുല്യപ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു. 

അപ്രിയസത്യങ്ങള്‍ വിളിുച്ചുപറയാന്‍ മടിയില്ലാത്ത ധീരനായിരുന്നു പിടി തോമസ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിലുടനീളം ഉറച്ച നിലപാടുകള്‍ പുലര്‍ത്തിയ നേതാവാണ് പിടി തോമസെന്ന് പി ജെ ജോസഫ് അനുസ്മരിച്ചു. സഹോദരനെയാണ് നഷ്ടമായതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com