ആരും അറിയാതെ വീട്ടില്‍ പ്രസവിച്ചു, കുട്ടി കരയാതിരിക്കാന്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മയും കാമുകനും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 10:15 AM  |  

Last Updated: 22nd December 2021 10:18 AM  |   A+A-   |  

infant murder case

പ്രതീകാത്മക ചിത്രം

 

തൃശൂര്‍:  പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കനാലില്‍ വലിച്ചെറിഞ്ഞതാണ് എന്ന് പൊലീസ് പറയുന്നു. കേസില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും കണ്ടെത്തി. 

കഴിഞ്ഞദിവസമാണ് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്ന്് നവജാതശിശുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടുപേര്‍ ബൈക്കിലെത്തി നവജാതശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയത് തൃശൂര്‍ സ്വദേശി ഇമ്മാനുവല്‍ ആണെന്ന് തിരിച്ചറിഞ്ഞു. സുഹൃത്താണ് ബൈക്കില്‍ കൂടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.

ഇമ്മാനുവലിന്റെ അയല്‍വാസിയായ യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതി ഗര്‍ഭിണിയാണ് എന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയായ കാര്യം മറച്ചുവെയ്ക്കാന്‍ വയറിന്റെ ഭാഗം തുണി കൊണ്ട് മൂടിയിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞിനെ കൊന്നശേഷം ബക്കറ്റ് കട്ടിലിന്റെ അടിയിലാണ് സൂക്ഷിച്ചത്. ഞായറാഴ്ചയാണ് കുഞ്ഞിനെ കനാലില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

കുഞ്ഞ് കരയാതിരിക്കാനാണ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. അപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ഒരു മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ടാണ് പ്രസവിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.