വർഷം 3 ലക്ഷത്തിന്റെ സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 'മെഡിസെപ്'; മന്ത്രിസഭ അംഗീകാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2021 09:28 AM |
Last Updated: 23rd December 2021 09:53 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. വർഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക. പുതുവർഷത്തിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.
മെഡിസെപ് പരിരക്ഷ ലഭിക്കുന്ന ജീവനക്കാർ
സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് അംഗത്വം നിർബന്ധമാണ്. സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം. പെൻഷൻകാർക്ക് പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ കാഷ്‌ലെസ് ചികിൽസ നൽകും. എല്ലാവർക്കും 500 രൂപയാണ് പ്രതിമാസ പ്രീമിയം. മുൻ എംഎൽഎമാരെ കൂടി പദ്ധതിയുടെ ഭാഗമാക്കാനും തീരുമാനിച്ചു.
സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളിലെ ഉൾപ്പെടെയുള്ള അധ്യാപക–അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും നിർബന്ധമായും ചേർന്നിരിക്കണം. സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്.
ഒപി ചികിത്സയ്ക്ക് ഇൻഷുറൻസ് ഇല്ല
ജനുവരി ഒന്നിനു പദ്ധതി ആരംഭിക്കുമെങ്കിലും നടപടിക്രമങ്ങൾ വൈകുന്നതിനാൽ ആശുപത്രികളിൽ കാഷ്‌ലെസ്, റീഇംബേഴ്സ്മെന്റ് സൗകര്യം ലഭിക്കാൻ 2 മാസം കൂടിയെങ്കിലും കാത്തിരിക്കണം. മെഡിസെപിലൂടെ ഒപി ചികിത്സയ്ക്കു കവറേജ് ഇല്ല. അതിനാൽ, കേരള ഗവ. സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും സർക്കാർ ആശുപത്രികളിലും ആർസിസി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷൽറ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീഇംബേഴ്സ്മെന്റ് സമ്പ്രദായം തുടരും.