പ്രിയപ്പെട്ട പി ടിയ്ക്ക് വിട നല്‍കി കേരളം; 'ചന്ദ്രകളഭം ചാര്‍ത്തി' മടക്കം
By സമകാലിക മലയാളം ഡെസ്ക് | Published: 23rd December 2021 07:48 PM |
Last Updated: 23rd December 2021 10:25 PM | A+A A- |

രാഹുല്‍ ഗാന്ധി അന്തിമോപാചാരം അര്‍പ്പിക്കുന്നു/ ചിത്രം ആല്‍ബിന്‍ മാത്യു
കൊച്ചി: പിടി തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. എംഎല്‍എയുടെ സംസ്‌കാരം രവിപുരം ശ്മശാനത്തില്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണു മൃതദേഹം കൊണ്ടുപോയത്. പി.ടിക്ക് പ്രിയപ്പെട്ട 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന വയലാര്‍ ഗാനം ചെറിയ ശബ്ദത്തില്‍വച്ചാണു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മുദ്രാവാക്യങ്ങളുമായി നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തില്‍ നടന്‍ മമ്മൂട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവച്ചു. രാഹുല്‍ഗാന്ധി ടൗണ്‍ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയിലുണ്ട്.
മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പിടിതോമസ് ഇന്നലെ രാവിലെയാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. രണ്ടു മാസം മുന്‍പാണ് രോഗം കണ്ടെത്തിയത്.
തൊടുപുഴയില്‍ നിന്നും തൃക്കാക്കരയില്‍ നിന്നും രണ്ടുതവണ വീതം നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ഒരുതവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്റ്് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. വീക്ഷണത്തിന്റെ ചീഫ് എഡിറ്ററും എംഡിയുമായിരുന്നു.