തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ വിളയാട്ടം; അമിത ലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; നാട്ടുകാർക്ക് നേരെ ആക്രമണം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 08:11 AM  |  

Last Updated: 24th December 2021 08:11 AM  |   A+A-   |  

goons attacked public after vehicle met with accident 

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അവസാനിക്കാതെ ​ഗുണ്ടാ വിളയാട്ടം. അമിത ലഹരിയിലായിരുന്ന അക്രമികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഇവർ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സംഘത്തെ പൊലീസ് പിടികൂടി. 14കാരൻ ഉൾപ്പെടെ ആറ് പേരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പിടിയിലായവരിൽ രണ്ട് പേർ നിരവധി കേസുകളിൽ പ്രതികളും പൊലീസ് അന്വേഷിക്കുന്നവരുമാണ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫാന്റം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ്, കാട്ടാക്കട സ്വദേശി അജയ്, വർക്കല സ്വദേശി ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവരടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച കാറാണ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പിഎംജിക്കു സമീപത്ത്‌ അപകടത്തിൽപ്പെട്ടത്. കോവളത്തു നിന്ന്‌ വർക്കലയിലേക്ക് പോകുകയായിരുന്നു സംഘം. 

അപകടത്തെ തുടർന്ന് യാത്രക്കാർ ഓടിക്കൂടിയെങ്കിലും മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയിലായിരുന്ന ആറ് പേരും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് തിരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്ഐ ഷിജുകുമാർ തിരിച്ചറിഞ്ഞത്.

പിന്നാലെ ആറ് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ മെഡിക്കൽ പരിശോധനയ്‌ക്കു വിധേയമാക്കി. പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്‌റ്റംബറിൽ ഷാജിയെയും രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ളപ്പോൾ മാസങ്ങൾക്ക് മുൻപ് കൊല്ലത്തു വെച്ച് ട്രയിനിൽ നിന്നു ചാടി ഷാജി രക്ഷപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം, കോവളത്തും വർക്കലയിലേക്കുമുള്ള യാത്രാലക്ഷ്യം എന്നിവയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.