സുരക്ഷ ശക്തമാക്കി; കിഴക്കമ്പലത്തെ ആക്രമണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 11:35 AM  |  

Last Updated: 26th December 2021 11:35 AM  |   A+A-   |  

kzhakkambalam attack

റൂറല്‍ എസ്പി കെ കാര്‍ത്തിക് മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

 

കൊച്ചി: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചതായും സുരക്ഷ ശക്തമാക്കിയതായും കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി തൊഴിലാളികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റൂറല്‍ എസ്പി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 150ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ബസിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രശ്‌നത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി കെ കാര്‍ത്തിക് അറിയിച്ചു.

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെയും അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പൊലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്‌നിക്കിരയാക്കി. പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.  കുന്നത്തുനാട് സിഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എഎസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പൊലീസുകാര്‍ സ്ഥലത്തെത്തി.