സ്കൂട്ടർ യാത്രക്കാരന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല; രണ്ട് മാസമായി തുടരുന്ന സാന്നിധ്യം; ജനം ഭീതിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 09:16 AM  |  

Last Updated: 27th December 2021 09:16 AM  |   A+A-   |  

king_cobra

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആൾക്ക് നേരെ പാഞ്ഞടുത്ത് രാജവെമ്പാല. ഇടുക്കി കുളമാവിന് സമീപമാണ് സംഭവം. കുളമാവ് നവോദയ സ്‌കൂൾ, നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക്കൽ ലബോറട്ടറി (എൻപിഒഎൽ) പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. 

കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തു വച്ചാണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാർ സ്വദേശി അനുഷൽ ആന്റണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷൽ രക്ഷപ്പെട്ടത്.

ജില്ലയിൽ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉൾക്കാടുകളിൽ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയിൽ കാണുന്നത്. കഴിഞ്ഞ മാർച്ചിൽ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു.

തുടർന്ന് വാവാ സുരേഷ് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉൾവനത്തിൽ തുറന്നുവിടുന്നതായി ഉറപ്പാക്കാൻ വനപാലകർ തയാറാകണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.