ലഹരി മരുന്ന് എത്തിച്ചതിൽ കിറ്റെക്സിന് ഉത്തരവാദിത്തം; സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 04:46 PM  |  

Last Updated: 27th December 2021 04:52 PM  |   A+A-   |  

benny behnan kitex

സാബു ജേക്കബ്, ബെന്നി ബെഹനാൻ/ ഫയൽ

 

കൊച്ചി: കിഴക്കമ്പലം അക്രമത്തില്‍ കിറ്റെക്‌സിനെതിരെ ബെന്നി ബെഹനാന്‍ എംപി. സംഘര്‍ഷത്തില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബിനും ഉത്തരവാദിത്തമുണ്ട്. കിറ്റെക്‌സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞു മാറാനാകില്ല. അക്രമസംഭവവുമായി ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ബെഹനാന്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് മുന്‍പും സംഘര്‍ഷമുണ്ടാക്കിയെന്ന് സംശയമുണ്ട്. 2012 ല്‍ കിറ്റെക്‌സിനെതിരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണ്. ട്വന്റി-ട്വന്റിയുടെ മുഖ്യപ്രചാരകരും പ്രവര്‍ത്തകരും ഈ തൊഴിലാളികളാണ്. തനിക്ക് സംരക്ഷണം ഒരുക്കാനും സാബു ജേക്കബ് ഇവരെ ഉപയോഗിച്ചതായി ബെന്നി ബെഹനാന്‍ ആരോപിച്ചു. 

തൊഴിലാളികള്‍ക്ക് പ്രേരണ നല്‍കിയതാരാണ്?

വൈക്കേരിയസ് ലയബിലിറ്റി നിയമപ്രകാരം സാബു എം. ജേക്കബിനെതിരെ കേസെടുക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ഇത്തരം പ്രവൃത്തിക്ക് പ്രേരണ നല്‍കിയതാരാണ്? കിറ്റെക്സ് വിഷയത്തില്‍ പി വി ശ്രീനിജന്‍ എം.എല്‍.എയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. 1968 ല്‍ ഒരു അടയ്ക്കാകളവുമായി തുടങ്ങിയതാണ്. അത് ഇന്ന് കിറ്റെക്‌സ് ഒരു സാമ്രാജ്യമായി മാറി. എംസി ജേക്കബും മക്കളും ഇത്രയും വളര്‍ന്നത് സംസ്ഥാനത്തെ രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ സഹായത്തോടുകൂടിയാണ്. 

എതിര്‍പ്പ് കിറ്റെക്‌സിനോടല്ല

ആരും വ്യവസായത്തിന് എതിരായി നിന്നിട്ടില്ല. കേരളത്തിലെ ഏത് വ്യവസായ സംരംഭകര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സഹായവും സൗകര്യവും എംസി ജേക്കബ്ബിനും സാബുവിനും ലഭിച്ചിട്ടുണ്ട്. കിറ്റെക്‌സ് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ആരും എതിരായി നിന്നിട്ടില്ല. അല്ലെങ്കില്‍ കിറ്റെക്‌സ് പോലുള്ള വലിയ വ്യവസായ സാമ്രാജ്യമായി വളരില്ല. തങ്ങളുടെ എതിര്‍പ്പ്  എതിര്‍പ്പ് കിറ്റെക്‌സിനോടല്ല, ട്വന്റി ട്വന്റിയോടാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ ഷാജനെ വധിക്കാന്‍ ശ്രമിച്ചു

കിഴക്കമ്പലം അക്രമവുമായി ബന്ധപ്പെട്ട് കിറ്റെക്‌സിലെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാരായ 162 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ അക്രമികള്‍ ശ്രമിച്ചതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കല്ലും മരവടിയും ഉപയോഗിച്ച് എസ്എച്ച്ഒ ഷാജനെ വധിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്രിസ്മസ് കരോൾ നടത്തിയതിൽ തുടക്കം

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കരോള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികള്‍ തെരുവിലിറങ്ങി അക്രമം തുടര്‍ന്നു. ഓഫിസിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതോടെ കുന്നത്തുനാട് സ്‌റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പൊലീസിനെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും പൊലീസ് ജീപ്പുകള്‍ കത്തിക്കുകയുമായിരുന്നു.