വീടിന് തീപിടിച്ചു, മുറിക്കുള്ളിൽ യുവതിയുടെ മൃതദേഹം; ഒരാളെ കാണാനില്ല; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2021 06:55 AM  |  

Last Updated: 29th December 2021 06:55 AM  |   A+A-   |  

FIRE BROKE OUT

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ വീടിന് തീപിടിച്ചു വീടിനുള്ളിൽ ഉണ്ടായിരുന്ന യുവതി മരിച്ചു. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീടിനാണു തീപിടിച്ചത്. ശിവാനന്ദന്റെ രണ്ടു പെൺമക്കളിൽ ഒരാളാണ് മരിച്ചത്.  ഒരാളെ കാണാനില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നു. 

ഇരുചക്ര വാഹനത്തിൽ മത്സ്യവിൽപന നടത്തുന്ന ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. രണ്ടാമത്തെ മകൾ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ശിവാനന്ദനും ജിജിയും രാവിലെ 11 മണിയോടെ ആലുവയ്ക്ക് പോയിരുന്നു.  12 മണിയോടെ മൂത്തമകൾ വിസ്മയ ഇവരെ വിളിച്ച് എപ്പോൾ വരുമെന്നു തിരക്കിയിരുന്നു. 

വൈകീട്ട് മൂന്നു മണിയോടെ വീടിനകത്തുനിന്നും പുക ഉയരുന്നതു കണ്ട അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്നു കിടന്നു. വീടിന്റെ രണ്ടു മുറികൾ തീപിടുത്തത്തിൽ പൂർണമായി കത്തി. അതിൽ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു.  വിസ്മയ ബിബിഎയും ജിത്തു ബിഎസ്‌സിയും പൂർത്തിയാക്കിയവരാണ്. സംഭവവുമായി ബന്ധപ്പെട്ടു ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ മൊബൈൽ ഫോൺ വീട്ടിൽനിന്നു കാണാതായി. ഇതു കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.