വെള്ളൂരിൽ വീണ്ടും വ്യവസായ സൈറൺ മുഴങ്ങുന്നു; കേരള പേപ്പർ പ്രോഡക്‌റ്റ്സ് നാളെ പ്രവർത്തനം ആരംഭിക്കും

ജീവനക്കാരെ പുനർനിയമിക്കുന്നതിനുള്ള നടപടികളും നാളെ ആരംഭിക്കും
മന്ത്രി പി രാജീവ് സന്ദർശനം നടത്തുന്നു
മന്ത്രി പി രാജീവ് സന്ദർശനം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് നാളെ തുറന്നു പ്രവർത്തനം ആരംഭിക്കും. നാളെ രാവിലെ 9ന് ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കും.  ഉദ്ഘാടനവും മറ്റു ചടങ്ങുകളും ഒഴിവാക്കി. പകരം ഫാക്ടറിയിലെ പ്രധാന മൂന്നു പ്ലാന്റുകളുടെ അറ്റകുറ്റപ്പണികൾ മാത്രം നാളെ ആരംഭിക്കും. 

പേപ്പർ മെഷീൻ, ഡീ–ഇങ്കിങ് പ്ലാന്റ്, യൂട്ടിലിറ്റി പ്ലാന്റ് എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ആദ്യം. ഇതിനാവശ്യമായ ജീവനക്കാരെ താൽക്കാലികമായി നിയമിക്കും. ജീവനക്കാരെ പുനർനിയമിക്കുന്നതിനുള്ള നടപടികളും നാളെ ആരംഭിക്കും. എച്ച്എൻഎല്ലിലെ മുഴുവൻ ജീവനക്കാർക്കും കെപിപിഎലിൽ നിയമനം നൽകാൻ മന്ത്രി പി രാജീവും തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. 

ഘട്ടം ഘട്ടമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  406 ജീവനക്കാരാണുള്ളത്. ഇതിൽ ഫാക്ടറി ജീവനക്കാരായ 205 പേർക്കും  ഓഫിസർ വിഭാഗത്തിലുള്ള 43 പേർക്കും തുടക്കത്തിൽ നിയമനം നൽകും. കരാർ ജീവനക്കാർക്ക് അടുത്ത ഘട്ടത്തിലും നിയമനം നൽകും.

മൂന്നു മാസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാർച്ചിൽ പേപ്പർ ഉൽപാദനം തുടങ്ങുമെന്ന് കെപിപിഎൽ ബോർഡ് ചെയർമാനും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന്  2019 ജനുവരിയിലാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൂട്ടിയത്. 

നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെ  145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്എൻഎൽ ഏറ്റെടുത്തത്.  2021 ജനുവരിയിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഫാക്ടറി ഒരു വർഷത്തിനകം പ്രവർത്തനം തുടങ്ങുന്നു. പൊതുമേഖല വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ  ബദൽ സാധ്യമാണെന്ന്‌ തെളിയിച്ചാണ്‌ വെള്ളൂരിൽ വീണ്ടും വ്യവസായ സൈറൺ മുഴങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com