'അച്ഛനും അമ്മയ്ക്കും കൂടുതല്‍ സ്‌നേഹം ചേച്ചിയോട്, ഇതേച്ചൊല്ലി വഴക്ക് പതിവ്', വടക്കന്‍ പറവൂര്‍ കൊലപാതകത്തില്‍ ജിത്തുവിന്റെ മൊഴി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2021 12:03 PM  |  

Last Updated: 31st December 2021 12:04 PM  |   A+A-   |  

paravur murder case

വിസ്മയ, ജിത്തു

 

കൊച്ചി: വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ ഇളയ സഹോദരി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്‌നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്ന് പ്രതി ജിത്തു മൊഴി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു. 

അതിനിടെ വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ജിത്തുവുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെടുത്തത്. ഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞദിവസമാണ് കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ജിത്തുവിനെ കണ്ടെത്തിയത്. 

കൊന്നത് താന്‍ തന്നെയെന്ന് ജിത്തു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ജിത്തു പൊലീസിന് മൊഴി നല്‍കിയത്. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു.

വടക്കന്‍ പറവൂര്‍ കൊലപാതകം

പറവൂര്‍ സ്വദേശി വിസ്മയ (25) ആണ് വീട്ടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിത്തുവിനെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്.സംഭവ ശേഷം വീട്ടില്‍ നിന്ന് കാണാതായ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ ഇവരെ കൊച്ചിയില്‍ പലയിടങ്ങളില്‍ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്.

കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചത്.

പൊലീസും ഫയര്‍ഫോഴ്സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

സിസിടിവിയില്‍ ജിത്തുവിന്റെ ദൃശ്യങ്ങള്‍

സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവിയില്‍ ജിത്തുവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ജിത്തുവിന്റെ(22) കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷന്‍ കാണിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോണ്‍ ഓഫായതിനാല്‍ ജിത്തുവിനെ കണ്ടെത്താനായില്ല.വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.