സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, ആരെയും അപമാനിച്ചിട്ടില്ല; വിമര്‍ശിച്ചത് മുഖ്യമന്ത്രിയുടെ ധൂര്‍ത്തിനെയെന്ന് ചെന്നിത്തല

സുധാകരന്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം


കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ ചെത്തുകാരന്റെ മകന്‍ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല. കെ സുധാകരനെ ന്യായികരിച്ച ചെന്നിത്തല, സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. ആലങ്കാരികമായി മുഖ്യമന്ത്രിയുടെ ധാരാളിത്വത്തിനെയും ധൂര്‍ത്തിനെയുമാണ് സുധാകരന്‍ പരാമര്‍ശിച്ചത്. 

അല്ലാതെ മറ്റൊരു തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ല. സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. സുധാകരന്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ല. സുധാകരനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

രമേശ് ചെന്നിത്തല തന്നെ തള്ളിപ്പറഞ്ഞുവെന്ന സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്. സുധാകരന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍, താന്‍ ജനറല്‍ സ്റ്റേറ്റ്‌മെന്റാണ് നടത്തിയത്. തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ല. സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്താണെന്നും, തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്റെ ബന്ധുക്കള്‍ക്ക് എല്ലാവര്‍ക്കും നിയമനം നടത്തുകയാണ്. മുന്‍ എംപിമാരുടെ ഭാര്യമാര്‍ക്കെല്ലാം ജോലി കിട്ടിക്കഴിഞ്ഞു. ഇത് ശരിയായ നടപടിയാണോ. ഈ സര്‍ക്കാര്‍ വ്യാപകമായി ബന്ധുനിയമനം തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ കേരളത്തില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നു. 

പിഎസ് സി റാങ്ക് ലിസ്റ്റില്‍ പേര് വന്ന് ജോലിക്കായി കാത്തിരിക്കുന്നു. അവര്‍ക്ക് ജോലി കൊടുക്കാതെ, എംഎല്‍എമാരുടെ മക്കള്‍ക്ക് അടക്കം പിന്‍വാതിലിലൂടെ ജോലി നല്‍കുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളെയാണ് നിയമിച്ചത്. വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്നു. ഇത് കേരളത്തിലെ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെക്കുറിച്ച് 'ചെത്തുകാരന്റെ മകന്‍' എന്ന് കെ സുധാകരന്‍ പറഞ്ഞത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com