'ജീവനക്കാര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു ; സിഎന്‍ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാന്‍' ; തുറന്നടിച്ച് കെ എസ്ആര്‍ടിസി എംഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 12:16 PM  |  

Last Updated: 16th January 2021 12:16 PM  |   A+A-   |  

ksrtc md biju prabhakar

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ കൂടുതലെന്ന് എംഡി ബിജു പ്രഭാകര്‍ ഐഎഎസ്. സ്ഥിരം ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം മറ്റിടങ്ങളില്‍ എം പാനലുകാര്‍ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തിക്കൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പ് തുടരാനാണ് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 

ഒരു കോടി-ഒന്നര കോടി രൂപ കളക്ഷന്‍ വന്നുള്ളൂ എന്നു വന്നാല്‍ സിസ്റ്റം പാളിച്ചയാണ്. പാളിച്ച വന്നതോടെ ജീവനക്കാര്‍ ട്രഷറിയില്‍ പണം അടയ്ക്കാതെ മൂന്നും നാലും ദിവസം റൊട്ടേഷന്‍ ചെയ്യാന്‍ തുടങ്ങി. അതുപിടിച്ചപ്പോള്‍, ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തയാള്‍ ഇപ്പോള്‍ കൊല്ലത്തെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഡീലറാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. 

നിസാര കാര്യങ്ങളാണെങ്കില്‍ ഒരാള്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് നിര്‍ദേശിച്ചു. എന്നാല്‍ അത് പോപ്പുലര്‍ നിര്‍ദേശം ആണെങ്കിലും അത് ചെയ്തത് ശരിയായില്ലെന്നും കുറച്ച് കറക്ഷന്‍ ആവശ്യമുണ്ടെന്നുമാണ് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും ജീവനക്കാരും പറഞ്ഞത്. 

കുമളിയില്‍ നിന്നും നാലംഗ കുടുംബം ബസില്‍ കയറിയപ്പോള്‍ രണ്ട് ടിക്കറ്റ് നല്‍കുകയും, രണ്ട് പഴയ ടിക്കറ്റുകളും നല്‍കുന്ന സംഭവമുണ്ടായി. ടിക്കറ്റ് മെഷിനിലും, വര്‍ക്ക് ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ടെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. സുശീല്‍ ഖന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഫ്‌ലോട്ടുകള്‍ ഉണ്ടാക്കി വെയ്ക്കണമെന്നത്. എന്തു കൊണ്ട് നടപ്പാക്കുന്നില്ല. ലോക്കല്‍ പര്‍ച്ചേസ് നടക്കില്ല എന്നതാണ് കാരണം. 

ലോക്കല്‍ പര്‍ച്ചേസിന് പണം നല്‍കിയില്ലെങ്കില്‍ വണ്ടി ഓടില്ല. അതാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത്. കമ്മീഷന്‍ മാത്രമല്ല, ലോക്കല്‍ പര്‍ച്ചേസില്‍ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള മോശം സ്‌പെയേഴ്‌സാണ് വരുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കടംകയറി നില്‍ക്കുകയാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയില്‍ 7090 ജീവനക്കാര്‍ അധികമാണ്. വര്‍ക്ക് ഷോപ്പുകളുടെ എണ്ണം കുറയ്ക്കും. ദീര്‍ഘദൂര സ്വകാര്യബസുകളെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.