സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം : സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം
സരിത്ത്  /ഫയല്‍ ചിത്രം
സരിത്ത് /ഫയല്‍ ചിത്രം

കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ ജയില്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പ്രതി സരിത്ത്. കോടതിയില്‍ നല്‍കിയ പരാതിയിലാണ് സരിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സരിത്തിന്‍രെ അമ്മ കസ്റ്റംസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്. 

പരാതി പരിഗണിച്ച കൊച്ചി എന്‍ഐഎ കോടതി സരിത്തിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശിച്ചു.  രാവിലെ 11 ന് കോടതി സരിത്തില്‍ നിന്നും മൊഴിയെടുക്കും. ജയിലില്‍ സരിത്തിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നും ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റിമാൻഡ് പുതുക്കുന്നതിനായി എൻഐഎ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം.

സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്ന് സരിത്ത് പറഞ്ഞതോടെ പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിനോട് അനുബന്ധമായി ഡോളർക്കടത്തിലും കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാൻ സമ്മർദമുണ്ടെന്നും പരാതിയിൽ പറയുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്നും സരിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com