ഓഫ്‌ലൈന്‍ പരീക്ഷ വേണ്ടെന്ന് എഐസിടിഇ ;  ബി ടെക് പരീക്ഷ അനിശ്ചിതത്വത്തില്‍

കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ പരാതിയിലാണ് എഐസിടിഇ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ബി ടെക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് സാങ്കേതിക സര്‍വകലാശാലയോട് എഐസിടിഇ. പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സുരക്ഷിതമല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല. കൊടിക്കുന്നില്‍ സുരേഷ് എംപി നല്‍കിയ പരാതിയിലാണ് എഐസിടിഇ തീരുമാനം. 

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ക്കായി കുട്ടികള്‍ എത്തിച്ചേരുന്നത് അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്ന് എഐസിടിഇ വിലയിരുത്തി. ഓഫ്‌ലൈനായി പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും എഐസിടിഇ നിര്‍ദേശിച്ചു. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്. 

അതുമാത്രമല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാലും ഓഫ് ലൈനായി ഇപ്പോള്‍ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാകും. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ വിഷയം ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോള്‍, മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് പരീക്ഷ എഴുതാനും അത് ഒന്നാമത്തെ ചാന്‍സായി കണക്കാക്കാനും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എഐസിടിഇ നിര്‍ദേശത്തോടെ, മറ്റന്നാള്‍ തുടങ്ങാനിരുന്ന ബി ടെക് പരീക്ഷ അനിശ്ചിതത്വത്തിലായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com