വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍

ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണ്‍ പൊലീസ് കസ്റ്റഡിയില്‍
വിസ്മയ, കിരണ്‍
വിസ്മയ, കിരണ്‍


കൊല്ലം: ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണ്‍ പൊലീസ് കസ്റ്റഡിയില്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. 

കിരണ്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ 24കാരിയെ പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കിട്ടിയത് പോരെന്ന് പറഞ്ഞ് കിരണ്‍ തന്നെ ക്രൂരമായി മര്‍ദിച്ചത് വിവരിച്ച് വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ പുറത്തുവന്നിരുന്നു. 

വിസ്മയക്ക് സ്ത്രീധനമായി നല്‍കിയത് 100 പവന്‍ സ്വര്‍ണവും ഒരേക്കര്‍ 20 സെന്റ് സ്ഥലവും 10 ലക്ഷത്തിന്റെ കാറുമാണെന്ന് വീട്ടുകാര്‍ പറഞ്ഞു
എന്നാല്‍ ഈ കാര്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞാണ് കിരണ്‍കുമാര്‍ വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com