പിറവത്തേത് സീറ്റു കച്ചവടം ; സിപിഎം പുറത്താക്കിയ ആളെ ഇടതുപക്ഷം എങ്ങനെ ചുമക്കും ?: ജില്‍സ് പെരിയപ്പുറം

സീറ്റ് കച്ചവട ശ്രമം പൊളിച്ചതുകൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിയതെന്ന് ജില്‍സ് ആരോപിച്ചു
ജില്‍സ് പെരിയപ്പുറം / ടെലിവിഷന്‍ ചിത്രം
ജില്‍സ് പെരിയപ്പുറം / ടെലിവിഷന്‍ ചിത്രം

കൊച്ചി : ജോസ് കെ മാണി പിറവം സീറ്റ് ഇടതുമുന്നണിയില്‍ നിന്നും ചോദിച്ച് വാങ്ങിച്ചത് കച്ചവടത്തിന് വേണ്ടിയെന്ന് യൂത്ത് ഫ്രണ്ട് നേതാവ് ജില്‍സ് പെരിയപ്പുറം. യോഗ്യനായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എന്തിന് സീറ്റ് വാങ്ങി. സിന്ധുമോളെ സിപിഎം പുറത്താക്കിയത് നാടകം മാത്രമാണ്. സിപിഎം പുറത്താക്കിയ ആളെ പിറവത്ത് എല്‍ഡിഎഫ് എങ്ങനെ ചുമക്കുമെന്നും ജില്‍സ് പെരിയപ്പുറം ചോദിച്ചു. 

സീറ്റ് കച്ചവട ശ്രമം പൊളിച്ചതുകൊണ്ടാണ് തന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റിയതെന്ന് ജില്‍സ് ആരോപിച്ചു. കോട്ടയം ഉഴവൂരിലെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയ സിന്ധുമോളെ പിറവത്തെ ഇടതുപക്ഷക്കാര്‍ എങ്ങനെ ചുമക്കും. കേട്ടുകേള്‍വിയില്ലാത്ത കാര്യമല്ലേ ഇതെന്നും ജില്‍സ് മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു.

സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ പിറവം എന്തുകൊണ്ട് ജോസ് കെ മാണി സിപിഎമ്മിന് തിരിച്ചു കൊടുത്തില്ല. സിപിഎമ്മിന് ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് അടക്കം സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യരായ ആളുകളുണ്ട്. സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ എന്തിന് ജോസ് കെ മാണി സീറ്റു വാങ്ങിച്ചു. 25 കൊല്ലമായി യൂത്ത് ഫ്രണ്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ എന്തിന് ബലിയാടാക്കി എന്നും ജിൽസ് ചോദിച്ചു. 

പണമാണ് ജോസ് കെ മാണിയ്ക്ക് വളരെ പ്രധാനപ്പെട്ടകാര്യം. കേരള കോണ്‍ഗ്രസിന് 13 സീറ്റ് ലഭിച്ചതില്‍ ഒരു യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകനെങ്കിലും സീറ്റ് കൊടുത്തോ ?. ആദ്യം വീട്ടില്‍ ചെന്നപ്പോള്‍ യാക്കോബായക്കാരനല്ലെന്ന് പറഞ്ഞു. പിന്നെ പറഞ്ഞു ഓര്‍ത്തഡോക്‌സുകാരന് സീറ്റ് നല്‍കുമെന്ന്. തന്റെ സ്ഥാനാര്‍ത്ഥിത്വം പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ജില്‍സ് പെരിയപ്പുറം ആരോപിച്ചു. 

നേരത്തെ പിറവത്ത് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപുറത്തിനെ ആണ് പരിഗണിച്ചിരുന്നത്. ഇതിനിടെയാണ് ജില്‍സിനെ ഒഴിവാക്കി സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com