ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ സര്‍ക്കാരിന്റെ അറിവോടെ, പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, തെളിവ് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2021 10:55 AM  |  

Last Updated: 25th March 2021 10:55 AM  |   A+A-   |  

chief minister pinarayi vijayan attacks udf and muslim league

പിണറായി വിജയന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചത് സര്‍ക്കാരിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം സര്‍ക്കാരിന്റെ അറിവോടെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും കരാര്‍ അറിഞ്ഞെന്നതിന്റെ തെളിവായി വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തായി. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി അമേരിക്കന്‍ കമ്പനി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കര്‍ക്ക് സന്ദേശം ലഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് അദ്ദേഹം മറുപടിയും നല്‍കി. ഇതേദിവസം തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്‌ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പില്‍ ദിനേശ് ഭാസ്‌ക്കറുമായി ചര്‍ച്ച നടത്തിയതായും, ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും പറയുന്നുണ്ട്. 

പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പ് ഇറക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിച്ചുവെന്ന് കുറിപ്പിലുണ്ടെന്നാണ് സൂചന. ഇഎംസിസിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് കരാര്‍ ഒപ്പിടുന്നത്.സിംഗപ്പുര്‍ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കിയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നു.