ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു; കല്ല് കൊണ്ട് ചില്ല് ഇടിച്ച് പൊട്ടിച്ചു; വാഹനത്തിന് 6ലക്ഷം രൂപയുടെ നഷ്ടം; അക്രമം ടോണി ചമ്മിണിയുടെ നേതൃത്വത്തില്‍; എഫ്‌ഐആര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 08:00 PM  |  

Last Updated: 01st November 2021 08:05 PM  |   A+A-   |  

joju against congress strike

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി ജോജു, ടെലിവിഷന്‍ ചിത്രം

 

കൊച്ചി: കൊച്ചിയില്‍ നടന്‍ ജോജുവിനെതിരെ അക്രമം നടത്തിയത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്‌ഐഐആര്‍. ടോണി ചമ്മിണി അടക്കം ഏഴ്  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ടോണി ചമ്മിണിയുടെ നേതൃത്വത്തിലുളള ഏഴംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ വാഹനത്തിന്റെ
ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. ഇതിനിടെ മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രുപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു.

ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മരട് പൊലീസ് കേസ് എടുത്തത്.  ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തിത്തിനിടെയാണ് ജോജുവിനെതിരെ അക്രമം ഉണ്ടായത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ച സാഹചര്യത്തിലാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.

ദിനംപ്രതിയെന്നോണം ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ദേശീയ പാത ഉപരോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് വാഹനഗതാഗതം സ്തംഭിച്ചത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്.

ഇന്ധനവിലവര്‍ധന

'ഞാന്‍ കോണ്‍ഗ്രസിനെതിരെല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്തവര്‍ ചെയ്തതാണ് ഈ സമരം'  ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഡെയിലി ലൈഫാണ്. കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. ഞാന്‍ കോണ്‍ഗ്രസിനെതിരെല്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നാണം കെടുത്താന്‍ വിവരം ഇല്ലാത്ത ചിലരാണ് ഇത് ചെയ്യുന്നത്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളില്‍ പോകേണ്ട കുട്ടികള്‍ ഉള്‍പ്പെടെയാണ് കുടുങ്ങി കിടക്കുന്നത്. ഈ വെയിലത്ത് മണിക്കൂറുകളോളം ഓട്ടോറിക്ഷയില്‍ എസിയില്ലാതെ എങ്ങനെയാണ് ഇരിക്കാന്‍ സാധിക്കുക. പണിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മതി.പെട്രോള്‍ വില എത്ര വേണമെങ്കിലും കൂട്ടട്ടെ. പണിയെടുത്ത് ജീവിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്' ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ.