'നോണ്‍ ഹലാല്‍ ഫുഡ് കള്ളക്കഥ'; തുഷാരയും കൂട്ടാളികളും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 02:09 PM  |  

Last Updated: 02nd November 2021 02:09 PM  |   A+A-   |  

Non-Halal

തുഷാര/ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: ഹോട്ടലിനു മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമിക്കപ്പെട്ടെന്നു കള്ളക്കഥയുണ്ടാക്കിയ തുഷാര നന്ദുവും രണ്ടു കൂട്ടാളികളും അറസ്റ്റില്‍. കഫേ ഉടമകളെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. 

വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ തുഷാരയെയും കൂട്ടാളികലായ ആല്‍ബിന്‍ ആന്റണി, വിഷ്ണു ശിവദാസ് എന്നിവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനു മര്‍ദനമേറ്റെന്നു കഥയുണ്ടാക്കിയ തുഷാരയ്‌ക്കെതിരെ സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. 

പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ് ബോര്‍ഡ് വെച്ച് നന്ദൂസ് കിച്ചണ്‍ എന്ന റെസ്‌റ്റോറന്റ് നടത്തുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കാക്കനാട് പുതിയ കട നടത്താനുളള ശ്രമത്തിലായിരുന്നു. ഇവിടെ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ചെന്നാണ് കേസ്. ബേല്‍പ്പുരി വില്‍പ്പന നടത്തുന്ന സ്റ്റാള്‍ തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് തുഷാര ഫേസ്ബുക്ക് ലൈവിലെത്തി. തന്നെ കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചു. ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തുഷാരക്ക് മര്‍ദനം എന്ന രീതിയില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി.

എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.