ജോജു അപമര്യാദയായി പെരുമാറിയതിന് തെളിവില്ല; നടനെ ആക്രമിച്ചവരുടെ അറസ്റ്റ് ഉടന്‍: കമ്മീഷണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 01:05 PM  |  

Last Updated: 02nd November 2021 01:05 PM  |   A+A-   |  

joju_george as 75 years old a Alzheimer's patient

ജോജു ജോർജ്/ ഫേസ്ബുക്ക്


കൊച്ചി: നടന്‍ ജോജു ജോര്‍ജിന് എതിരായ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. അക്രമിച്ച ചിലരെ ജോജു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ജോജു ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 

കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും

അതേസമയം, ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. 

'ജോജുവിന്റെ വാഹനത്തിന് കേടുപറ്റി, അതിന് കേസെടുത്തു, സമ്മതിച്ചു. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തത്? സ്ത്രീകളെ തട്ടിയിടുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പുറകില്‍ക്കൂടിയാണ് അദ്ദേഹം കടന്നുവന്നത്. ക്യാമറ മുഴുവന്‍ മുന്നിലായിരുന്നു. പാലത്തിനോട് അടുപ്പിച്ചായിരുന്നു ചാനലുകാര്‍ നിന്നത്.' ഷിയാസ് പറഞ്ഞു.

കീമോ തെറാപ്പിയ്ക്ക് പോകാന്‍ ആംബുലന്‍സില്‍ കിടക്കുന്ന കുട്ടിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയൊരു സംഭവമേ അവിടെയില്ലായിരുന്നെന്നും ഷിയാസ് പറഞ്ഞു.

ഇന്ധനവില വര്‍ധനവിന് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് അക്രമം അരങ്ങേറിയത്. വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്‌ഐആറിലുണ്ട്.

മൊഴി വ്യാജമെന്ന് ടോണി ചമ്മിണി

അതേസമയം ജോജു തനിക്കെതിരെ നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മിണി പറയുന്നു. ജോജുവിനോട് അസഭ്യം പറയുകയോ, കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ടോണി പറഞ്ഞു. ജോജുവിന്റെ വാഹനം തടഞ്ഞത് സ്വാഭാവികമായ വികാരപ്രകടനം മാത്രമാണ്. എന്നാല്‍ കാര്‍ തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മിണി പറഞ്ഞു.