ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, വിദ്യാര്‍ഥിനിയുമായി കടന്ന് യുവാവ്; അതിവിദഗ്ധമായി കുടുക്കി പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2021 08:52 AM  |  

Last Updated: 03rd November 2021 08:52 AM  |   A+A-   |  

social media campaign

പ്രതീകാത്മക ചിത്രം


കോഴിക്കോട്: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ കുടുക്കി പന്തീരാങ്കാവ് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടേയും സൈബർ സെല്ലിന്റേയും സഹായത്തോടെ  അതിവിദഗ്ധമായാണ് യുവാവിനായി പൊലീസ് വല വിരിച്ചാണ്  പ്രതിയേയും പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. 

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പന്തീരാങ്കാവ് സ്റ്റേഷനിൽ എത്തിയത്. പിന്നാലെ നഗരത്തിലെ മുഴുവൻ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ റയിൽവേ സ്റ്റേഷനിലെ സിസി ടിവി ക്യാമറകൾ പരിശോധിച്ചു. 

ഇതിലൊന്നിൽ നിന്ന് പെൺകുട്ടി ഒരാൾക്കൊപ്പം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൗണ്ടറിൽ നിന്ന് ഇവർ ടിക്കറ്റെടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ടിക്കറ്റെടുത്ത സമയം നോക്കി  കൗണ്ടറിൽ പരിശോധിച്ചപ്പോൾ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനിലാണെന്ന് വ്യക്തമായി. 

കൊല്ലത്ത് റെയില്‍വേ പൊലീസിന്റെ പരിശോധന

ഇതോടെ പന്തീരാങ്കാവ് പൊലീസ് അറിയിച്ചത് അനുസരിച്ച് റയിൽവേ പൊലീസ് കൊല്ലത്ത് ട്രെയിൻ പരിശോധന നടത്തി. എന്നാൽ ഇവർ ബുക്ക് ചെയ്ത സീറ്റിൽ കോഴിക്കോട് നിന്ന് ആരും കയറിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ അന്വേഷണം വഴിമുട്ടുന്ന നിലയിലായി. എന്നാൽ  പൊലീസ് ടിക്കറ്റ് കൗണ്ടറിൽ കൊടുത്ത വിവരങ്ങൾ ശേഖരിച്ചു.

ഫെയ്‌സ്ബുക്കില്‍ തിരഞ്ഞ് പൊലീസ്‌

ഫോൺ നമ്പരില്ല, അജാസെന്ന് പേര് മാത്ര‌മാണ് നൽകിയിരുന്നത്. ഇതേ പേരുളളവരെ ഫെയ്സ്ബുക്കിൽ തിരഞ്ഞു. അതിലെ ഫോൺനമ്പർ സൈബർ സെല്ലിന്റ സഹായത്തോടെ പരിശോധിച്ചപ്പോൾ ഒരെണ്ണത്തിന്റ ലൊക്കേഷൻ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയിൽ നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പർഫാസ്റ്റ് ബസുകൾ രാത്രി വഴിയിൽ തടഞ്ഞ് നിർത്തി പരിശോധന നടത്തി. ഇതിലൊന്നിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ അജാസിനെയും പെൺകുട്ടിയേയും കണ്ടെത്തിയത്.