'മാസ്ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചു'; നടൻ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 08:55 AM  |  

Last Updated: 04th November 2021 08:55 AM  |   A+A-   |  

joju george

കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം

 

കൊച്ചി : ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് പരാതി. മാസ്ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ആണ് ജോജുവിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

കാറിൽ നിന്നു പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് വാക്കുതർക്കത്തിൽ ഏർപ്പെട്ടപ്പോൾ ജോജു മാസ്ക് ധരിച്ചിരുന്നില്ല. പൊലീസിന്റെ മുന്നിൽവെച്ചായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിച്ചു.  കടയിൽ പോകാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു. 

ഒരു കാറിന് ഫാൻസി നമ്പർ പ്ലേറ്റ്, ഒരെണ്ണം ഹരിയാന  രജിസ്ട്രേഷൻ

നടൻ ജോജു ജോർജ് നിയമം ലംഘിച്ചാണ്  രണ്ടു കാറുകൾ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചും പരാതിയുണ്ട്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റി, ഫാൻസി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് എറണാകുളം ആർടിഒയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. 

മറ്റൊരു കാർ ഹരിയാന റജിസ്ട്രേഷനിലുള്ളതാണ്. കേരളത്തിൽ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ ഇവിടുത്തെ റജിസ്ട്രേഷൻ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാൻ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായി ആർടിഒ പി എം ഷെബീർ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആർടിഒയ്ക്കു കൈമാറി.

ജോജുവിന്റെ കാർ തല്ലിപ്പൊളിച്ച സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ തൈക്കൂടം സ്വദേശി പി ജി ജോസഫിനെ റിമാൻഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊച്ചി മുൻ മേയർ ടോണി ചമ്മിണി അടക്കം 15 നേതാക്കൾക്കും കണ്ടാൽ തിരിച്ചറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിരുന്നു.