'അമ്മ'യുടെ സെക്രട്ടറി ആരെ പേടിച്ചാണ് മിണ്ടാതിരിക്കുന്നത്; ജോജുവിനെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാര്‍

'അമ്മ'യുടെ പ്രതിനിധികള്‍ ഒന്നും മിണ്ടിയിട്ടില്ല. 'അമ്മ'യുടെ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടന്നും കെബി ഗണേഷ് കുമാര്‍
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം
കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഫയല്‍ ചിത്രം

കൊച്ചി: നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ 'അമ്മ' സംഘടനയ്‌ക്കെതിരെ നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ സെക്രട്ടറി ഇതിന് മറുപടി പറയണം. അടുത്ത യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

'അമ്മ'യിലെ അംഗമായ ജോജുവിനെ ആക്രമിച്ചിട്ട് അമ്മയുടെ സെക്രട്ടറി ഒന്നും മിണ്ടിയില്ല. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവുമായ കെസി വേണുഗോപാലും പോലും ഈ സംഭവത്തെ അപലപിച്ചു. 'അമ്മ'യുടെ പ്രതിനിധികള്‍ ഒന്നും മിണ്ടിയിട്ടില്ല. 'അമ്മ'യുടെ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ജോജുവിനെതിരായ ആക്രമത്തില്‍ ഇതുവരെ 'അമ്മ ' സംഘടനയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. അതേസമയം ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. 

ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com