കോണ്‍ഗ്രസിന്റെ റോഡ് ഉപരോധം: ജോജു ജോര്‍ജ് കോടതിയിലേക്ക്

അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫിന്റെ ജാമ്യഹര്‍ജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്
കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം
കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം

കൊച്ചി : ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് കോടതിയിലേക്ക്. കേസില്‍ കക്ഷിചേരാന്‍ നടന്‍ ജോജു ജോര്‍ജ്  ഹര്‍ജി നല്‍കി. സംഭവത്തിന് ശേഷം വ്യക്തിപരമായി അധിക്ഷേപം ഉണ്ടായെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. 

കാര്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി ജി ജോസഫിന്റെ ജാമ്യഹര്‍ജിയിലാണ് ജോജു കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട സംഭവത്തില്‍ സമവായനീക്കം നടക്കുന്നതിനിടെയാണ് ജോജുവിന്റെ നടപടി. 

തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് സമവായ ചര്‍ച്ചക്കിടെ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കള്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷം എറെ വേദനയുണ്ടാക്കിയെന്നും ജോജു അറിയിച്ചിരുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും തെറ്റു ബോധ്യപ്പെട്ടുവെന്നാണ് ഡിസിസി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ച് മണിക്കൂറുകളോളം ഉപരോധിച്ചു. രോഗികളടക്കം റോഡില്‍ കുടുങ്ങിപ്പോയി. ഈ സമയത്താണ് താന്‍ പ്രതികരിച്ചത്. ഇതിനെതിരെ തന്റെ വാഹനം ആക്രമിച്ച് തകര്‍ത്തു. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ കേസില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ജോജു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com