കേന്ദ്രം കുറച്ചപ്പോള്‍ കേരളത്തിലും കുറഞ്ഞിട്ടുണ്ട് ; കൂടുതല്‍ ഇളവ് നല്‍കാനാകില്ലെന്ന് മന്ത്രി ബാലഗോപാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 12:59 PM  |  

Last Updated: 05th November 2021 01:45 PM  |   A+A-   |  

Minister Balagopal

മന്ത്രി കെ എൻ ബാല​ഗോപാൽ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം

 

തിരുവനന്തപുരം: ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കുറച്ചത് അനുസരിച്ച് കേരളത്തിലും ഇന്ധന വില കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം 1500 ശതമാനം വര്‍ധിപ്പിച്ച ശേഷമാണ് ഇപ്പോള്‍ അഞ്ചു രൂപ കുറച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധന വില കുറഞ്ഞിട്ടുണ്ട്. ഇന്ധന വില അനിയന്ത്രിതമായി കൂടുന്നതു മൂലം കേരളത്തിന്റെ ആകെയുള്ള ചെലവില്‍ തന്നെ വലിയ വര്‍ധനയുണ്ട്. ഇന്ധന വില നിയന്ത്രണമില്ലാതെ കൂടുന്നതിന് മൂന്നു പ്രധാന കാരണമുണ്ട്. 

പെട്രോളിന്റെ വില നിര്‍ണയം കമ്പോളത്തിന് വിട്ടുകൊടുത്തതാണ് പ്രധാന കാരണം. അത് ചെയ്തത് യുപിഎ സര്‍ക്കാരാണ്. ഇന്ത്യയിലെ ഇന്ധനവില നിയന്ത്രണാധികാരം ഉണ്ടായിരുന്നത് കേന്ദ്രസര്‍ക്കാരിനായിരുന്നു. അന്ന് ഓയില്‍പൂള്‍ അക്കൗണ്ട് സംവിധാനം ഉണ്ടായിരുന്നു. അത് ബാലസിങ് ആയിട്ടുള്ള ഫണ്ടാണ്. 

കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാർ

പെട്രോളിയം ഉല്‍പ്പന്നങ്ങളടെ വില അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഉയരുമ്പോഴും വില പിടിച്ചു നിര്‍ത്താനുള്ള സംവിധാനമായിരുന്നു. ഈ സംവിധാനം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിര്‍ത്തി. ഇത് രണ്ടും ഇന്ധന വില നിര്‍ണയത്തിലെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്തി.

മൂന്നാമതായി, കേന്ദ്രസര്‍ക്കാര്‍ അനിയന്ത്രിതമായി പെട്രോളിന്റെയും ഡീസലിന്റെയും മുകളില്‍ സ്‌പെഷല്‍ എക്‌സൈസ് താരിഫ് ഏര്‍പ്പെടുത്തിയത്. നേരത്തെ ഒരു ലിറ്റര്‍ പെട്രോളിന് 8.3 രൂപ ഉണ്ടായിരുന്നത് 31.5 രൂപയായും ഡീസലിന് 2 രൂപ 10 പൈസയില്‍ നിന്ന് 30 രൂപയായും വര്‍ധിപ്പിച്ചു. ഇതില്‍ നിന്നാണ് അഞ്ചുരൂപയും 10 രൂപയും കുറച്ചത്. 

പ്രതിപക്ഷം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും ധനമന്ത്രി പറഞ്ഞു. 

പിണറായി വിജയന്റെ നേതൃത്വത്തില്‍ ആദ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ല. ഒരു തവണ കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ ചെലവുകള്‍ വലിയ തോതില്‍ വര്‍ധിച്ചു. എന്നാല്‍ കോവിഡ് കാലത്ത് സംസ്ഥാനസര്‍ക്കാര്‍ അധിക സെസ് ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.