ഇന്നും കെഎസ്ആർടിസി പണിമുടക്ക്: പരമാവധി സർവീസ് നടത്താൻ നിർദേശം; അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 06:43 AM  |  

Last Updated: 06th November 2021 08:07 AM  |   A+A-   |  

ksrtc

കെഎസ്ആര്‍ടിസി ബസ്/ ഫയല്‍ചിത്രം

 

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് രുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം.  ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാനാണ് തീരുമാനം. 

ബസ് തടയില്ല

ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് ഇന്നും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനോട് സഹകരിക്കുമെന്ന് എഐടിയുസിയും പ്രഖ്യാപിച്ചു. എന്നാൽ ബസ് തടയില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. സിഐടിയുവിലുള്ളവർ ഇന്നു ജോലിക്ക് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. 

അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം

ഇന്ന് അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിവയും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകളും നടത്തും. വാരാന്ത്യ ദിനമായതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ ക്രമീകരിക്കും. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. 

വാക്കിലൊതുങ്ങുകയാണ് ശമ്പള പരിഷ്‌കരണം 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണ കരാറിൻറെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. ജൂൺ മാസത്തിൽ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.