'പിന്നെപ്പറയാം'; ഒന്നേകാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സ്വപ്‌ന സുരേഷ് പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2021 11:47 AM  |  

Last Updated: 06th November 2021 12:28 PM  |   A+A-   |  

swapna suresh released from jail

സ്വപ്‌ന സുരേഷ് അമ്മയ്‌ക്കൊപ്പം ജയിലിനു പുറത്തേക്ക്/വിന്‍സെന്റ് പുളിക്കല്‍

 

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. ബംഗളൂരുവില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷമാണ് സ്വപ്‌നയുടെ മോചനം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപനയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസിന്റെയും ഇഡിയുടെയും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വ്പനയുടെ കോഫെപോസ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതോടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ സാഹചര്യമൊരുങ്ങിയത്.

സ്വപ്‌നയുടെ അമ്മ പ്രഭാ സുരേഷ് ഇന്നു രാവിലെ അട്ടക്കുളങ്ങര ജയിലില്‍ എത്തി ജാമ്യ ഉത്തരവും മറ്റു രേഖകളും കൈമാറി. എന്‍ഐഎ കേസില്‍ ജാമ്യം കിട്ടി നാലാം ദിവസമാണ് സ്വപ്‌നയുടെ മോചനം. സ്വര്‍ണക്കടത്ത് അടക്കം ആറു കേസുകളാണ് സ്വപ്‌നയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അമ്മയുടെ കൈ പിടിച്ച് ജയിലിനു പുറത്തേക്കു വന്ന സ്വപ്‌ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. എല്ലാം പിന്നെപ്പറയാം എന്നായിരുന്നു പ്രതികരണം.

ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിക്കെതിരെ സ്വപ്‌ന നല്‍കിയ അപ്പീലിലാണ് ഈ മാസം രണ്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വപ്‌നയ്‌ക്കൊപ്പം കേസിലെ ആറു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കസ്റ്റംസ് കുറ്റപത്രം

കേസില്‍ കസ്റ്റംസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു ഗൂഢാലോചനയിലും കടത്തിലും സ്വപ്‌നയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സരിത്തുമായി സ്വപ്‌ന അടുപ്പത്തിലായിരുന്നു. കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനായി സ്വപ്‌നയുടെ കമ്മീഷന്‍ വിഹിതം കൂടി എടുക്കാന്‍ സരിത്തിന് അനുവദിച്ചു. കോണ്‍സുലേറ്റ് ജനറലിന് ദുബായില്‍ വീടു പണിയാന്‍ പണം ആവശ്യമുണ്ടെന്നും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതിഫലമായി അദ്ദേഹത്തിന് പണം നല്‍കണമെന്ന് സ്വപ്‌ന മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചു. പ്രതിഫലമായി 14.5 ലക്ഷം രൂപ കൈപ്പറ്റിയെന്നും സന്ദീപ് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.