'മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു'; മുല്ലപ്പെരിയാര്‍ മരംമുറിയില്‍ പുതിയ ഉത്തരവ് പുറത്തിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2021 10:27 AM  |  

Last Updated: 08th November 2021 10:27 AM  |   A+A-   |  

mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മരംമുറി ഉത്തരവ് മരവിപ്പിച്ചു എന്ന് വ്യക്തമാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. മുന്‍ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ബേബി ഡാമിന് സമീപമുള്ള മരം മുറിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യജീവി ബോര്‍ഡിന്റെയും അനുമതി വേണം. എന്നാല്‍ മരംമുറിക്ക് മുുമ്പ് ആവശ്യമായ നിയമപരമായ  അനുമതികൾ   നേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതുകൊണ്ട് പുതിയ ഉത്തരവ് വരുന്നതുവരെ മുന്‍ ഉത്തരവ് മാറ്റിവെക്കുന്നു എന്നാണ് വിശദീകരണം നല്‍കിയിട്ടുള്ളത്. 

പെരിയാര്‍ കടുവ സങ്കേതത്തില്‍ മരം മുറിക്കാന്‍ കേന്ദ്ര അനുമതി വേണമെന്നും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തില്‍ ഇതേ വാദം കേരളം ഉന്നയിച്ചിരുന്നു. മരംമുറി ഉത്തരവ് മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

സര്‍ക്കാര്‍ വിശദീകരണം തേടും

അതേസമയം ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാന്‍ നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്. ഉത്തരവിറക്കിയതില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന.

അന്വേഷണം വേണമെന്ന് സിപിഐ

മരംമുറി ഉത്തരവില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിലപാടിലാണ് സിപിഐ. മുല്ലപ്പെരിയാര്‍ കരാറില്‍ ബേബി ഡാമില്ലാത്തതിനാല്‍ ആ ഡാമിന്‍റെ കാര്യത്തില്‍ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളോട് അനൂകൂലമായി പ്രതികരിക്കേണ്ട ആവശ്യകതയേ ഇല്ലെന്നാണ് സിപിഐ നിലപാട്. മരംമുറിക്കുകയെന്ന നിര്‍ണായക  തീരുമാനമായിട്ടും മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ലായെന്നതും പരിശോധിക്കപ്പെടമെന്നാണ് സിപിഐ നേതൃത്വം ആവശ്യപ്പെടുന്നു.