മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് അംഗീകരിക്കരുത്; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

മേല്‍ നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും ഉടന്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. കേസിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. 

മേല്‍ നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും ഉടന്‍ സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. 

ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നത് ? 

അതേസമയം, നവംബർ 30 ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു.മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളവുമായി പ്രശ്‌നങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബേബി ഡാം പരിസരത്തെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കിയതില്‍ ഇടപെടാനാകില്ലെന്നും ദുരൈമുരുകന്‍ പറഞ്ഞു. വൈകാരികമായ വിഷയമാണ്. അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ല.  ഉത്തരവിറങ്ങിയത് മന്ത്രിമാരറിയാതെയെന്നത് വിശ്വസിക്കാനാവില്ല. ഇത്തരത്തില്‍ സുപ്രധാനമായ തീരുമാനം ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. 

നീക്കംചെയ്യേണ്ട മരങ്ങള്‍  പ്രത്യേകമായി നമ്പറിട്ട, വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍, എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ദുരൈമുരുകന്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് പ്രതികരിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com