കേടായ പേന മാറ്റി നൽകിയില്ല;  5000 രൂപയും പുതിയ പേനയും നഷ്ടപരിഹാരം നൽകാൻ വിധി!

കേടായ പേന മാറ്റി നൽകിയില്ല;  5000 രൂപയും പുതിയ പേനയും നഷ്ടപരിഹാരം നൽകാൻ വിധി!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കേടായ പേന മാറ്റി നൽകണമെന്നു ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന കച്ചവടക്കാരൻ 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മംഗലംഡാമിലെ കടയു‌ടമ പരാതിക്കാരന് 5000 രൂപയും പുതിയ പേനയും നൽകണമെന്ന് പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് വിധിച്ചത്. 450 രൂപയ്ക്കു വാങ്ങിയ പേനയാണ് കേടായത്. 

മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേൽ ജോയി വി തോമസ് മംഗലംഡാമിലെ വിസ്മയ കളക്‌ഷൻസിനും നോയിഡയിലെ ലക്‌ഷർ റൈറ്റിങ് ഇൻസ്ട്രുമെന്റ്സിനും എതിരായി പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലാണു വിധി. ഉപഭോക്താവിനു വിൽപനാനന്തര സേവനങ്ങൾ നൽകാൻ വ്യാപാരിക്കു ബാധ്യതയില്ലെന്ന വാദം തള്ളിയാണു  കമ്മീഷൻ അധ്യക്ഷൻ വിനയ് മേനോൻ, അംഗം എംവിദ്യ എന്നിവർ വിധി പറഞ്ഞത്. 

2019 ഡിസംബറിലാണ് 450 രൂപയുടെ പാർക്കർ പേന കടയിൽ നിന്നു വാങ്ങിയത്. വീട്ടിലെത്തിയപ്പോഴാണ് പേനയ്ക്ക് തകരാറുണ്ടെന്നു മനസിലായത്. രണ്ട് വർഷത്തെ വാറണ്ടിയുള്ളതിനാൽ, പിറ്റേന്നു തന്നെ പേന മാറ്റി നൽകണമെന്നു കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ കടക്കാരൻ അംഗീകരിച്ചില്ല. ജോയി നിയമപരമായ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്നാണ് തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. 

പേന പരിശോധിച്ച കമ്മീഷൻ സ്പ്രിങ് മെക്കാനിസത്തിനു തകരാർ കണ്ടെത്തി. കേരളത്തിലുള്ള പരാതിക്കാരനു നോയിഡയിലെ എതിർകക്ഷിയുമായി വ്യവഹാരം പ്രയാസമാണെന്നും മുതിർന്ന പൗരനെ വ്യവഹാരത്തിലേക്കും മനഃക്ലേശത്തിലേക്കും തള്ളിവിട്ടതു വ്യാപാരിയുടെ ഭാഗത്തു നിന്നുള്ള തെറ്റാണെന്നും വിധിച്ചു. സാക്ഷികളില്ലാത്ത പരാതിക്ക് പേന, ബിൽ, നോട്ടീസിന്റെ കൈപ്പറ്റ് രശീതി തുടങ്ങിയവ കോടതി തെളിവായി സ്വീകരിച്ചു. 

3000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതിച്ചെലവും 45 ദിവസത്തിനുള്ളിൽ നൽകാനാണ് വിധി. അല്ലെങ്കിൽ ഒൻപത് ശതമാനം നിരക്കിൽ പലിശ കൂടി ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്. വ്യാപാരിക്ക് നഷ്ടം ഈടാക്കാൻ ഉത്പാദകനെതിരെ നിയമ നടപടികൾ സ്വീകരിക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com