നടന്‍ ജോജുവിന് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 04:47 PM  |  

Last Updated: 09th November 2021 04:47 PM  |   A+A-   |  

joju

എറണാകുളത്ത് ജോജുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം /ഫോട്ടോ എ സനേഷ്‌

 

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഷോണായീസ് തീയറ്റിന് മുന്നില്‍ ജോജുവിന്റെ പേര് എഴുതി റീത്ത്‌
വച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. 

കഴിഞ്ഞ ദിവസം ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു.  കീടം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ  മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. രാഹുല്‍ റെജി നായര്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കീടം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. സിനിമാ സെറ്റുകളിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വിഡി സതീശന് കത്തയച്ചിട്ടുണ്ട്.

ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള സിനിമാ ഷൂട്ടിങ് തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി പറഞ്ഞു.