മുന്‍ മിസ് കേരളയും സുഹൃത്തുക്കളും മരിച്ച സംഭവം; ഡ്രൈവറുടെ  വീട്ടില്‍ പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 08:20 PM  |  

Last Updated: 10th November 2021 08:20 PM  |   A+A-   |  

EX_MISS_KERALA

അന്‍സി കബീര്‍ - അഞ്ജന

 

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അറസ്റ്റിലായ അബ്ദുല്‍ റഹ്മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന. മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുന്‍പു പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഒളിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പാലാരിവട്ടത്ത് ഉണ്ടായ കാറപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന, സുഹൃത്ത് കെഎ മുഹമ്മദ് ആഷിക് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞമാസം 31ന് രാത്രി ഏഴരയോടെ ഹോട്ടലില്‍ എത്തിയതും മറ്റ് ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മനഃപൂര്‍വം മാറ്റിയ നിലയിലാണ്. ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചെന്ന സംശയത്തില്‍ പൊലീസ് ഇവിടെ വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല.

നേരത്തെ എക്‌സൈസ് ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ച സമയത്തിന് ശേഷവും മദ്യം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ മാസം 2ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞമാസം 31ന് മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍, അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും മദ്യം വിതരണം ചെയ്തതിനാലാണോ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്ന് സംശയമുണ്ട്.