കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി; രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത അഗ്രഹാരത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 01:00 PM  |  

Last Updated: 12th November 2021 01:00 PM  |   A+A-   |  

kalpaathi ratholsavam

image credit: wikipedia

 

പാലക്കാട്: നിയന്ത്രണങ്ങളോടെ കല്‍പ്പാത്തി രഥോത്സവത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. അഗ്രഹാരത്തിലുള്ളവര്‍ക്കാണ് രഥപ്രയാണത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. ഇതില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കല്‍പ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. കോവിഡ് പശ്ചാത്തലത്തില്‍ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും അനുമതി നിഷേധിച്ചതോടെ മലബാര്‍ ദേവസ്വം ബോര്‍ഡാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.തൃശൂര്‍ പൂരം മാതൃകയില്‍ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്.

കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി

കോവിഡ് പശ്ചാത്തലത്തില്‍ രഥസംഗമം,അന്നദാനം തുടങ്ങിയവ ഒഴിവാക്കാന്‍ ക്ഷേത്ര കമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും അനുമതി നിഷേധിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.  രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.