ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക എഴുതി സൂക്ഷിക്കാന്‍ 'കൈക്കൂലി' രജിസ്റ്റര്‍; സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 07:14 AM  |  

Last Updated: 12th November 2021 07:14 AM  |   A+A-   |  

VIGILANCE RAID IN SUB REGISTRAR OFFICE

പ്രതീകാത്മക ചിത്രം

 

കോട്ടയം:  വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കോട്ടയം കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫിസില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക എഴുതി സൂക്ഷിച്ചിരുന്ന രജിസ്റ്റര്‍ പിടിച്ചെടുത്തു. സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുന്‍കൂറായി രജിസ്റ്ററില്‍ എഴുതുന്നതായാണ് കണ്ടെത്തിയത്.

രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന തുകയില്‍ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട 4 ആധാരമെഴുത്തുകാരില്‍നിന്നായി 22,352 രൂപ പിടിച്ചെടുത്തു. രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയതെന്ന് വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് എസ്പി വി ജി വിനോദ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്തദിവസം സര്‍ക്കാരിനു കൈമാറും. ജില്ലയിലെ 6 സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.