

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാറിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തും. നാല് ഷട്ടറുകളും അല്‍പസമയത്തിനകം 60 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ മൊത്തം 280 സെന്റിമീറ്റര്‍ ഉയര്‍ത്തും.
അരുവിക്കരഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 280 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റര്‍ കുടി ഉയര്‍ത്തി 340 സെന്റിമീറ്റര്‍ ആക്കും സമീപവാസികള്‍ ജാഗ്രത പാലിക്കണം.
ജില്ലയില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, നിറഞ്ഞൊഴുകുന്ന തോടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുകയോ വസ്ത്രങ്ങള്‍ അലക്കുകയോ, വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീന്‍ പിടിക്കാന്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ജില്ലയില്‍ കനത്ത മഴ
ജില്ലയില്‍ കനത്ത മഴ തുടരുന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്.
വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. നെയ്യാറ്റിന്‍കര ടി.ബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
അതേസമയം, വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates