തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട്; 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്; മറ്റന്നാള്‍ വരെ സംസ്ഥാനത്ത് അതിതീവ്രമഴ

തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. 

അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി

പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ന്യൂനമര്‍ദ്ദം

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് നവംബര്‍ 15 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്നു തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു.
അതോടൊപ്പം കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ചയും (നവംബര്‍ 1225) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍,സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു.


കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.


കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും  മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. 

നെയ്യാര്‍, അരുവിക്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി
 

കനത്ത മഴയെ തുടര്‍ന്ന് നെയ്യാറിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ മൊത്തം 280 സെന്റിമീറ്റര്‍ ഉയര്‍ത്തും.

അരുവിക്കരഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 280 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അത് 60 സെന്റിമീറ്റര്‍ കുടി ഉയര്‍ത്തി 340 സെന്റിമീറ്റര്‍ ആക്കും സമീപവാസികള്‍ ജാഗ്രത പാലിക്കണം.

ജില്ലയില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, നിറഞ്ഞൊഴുകുന്ന തോടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുകയോ വസ്ത്രങ്ങള്‍ അലക്കുകയോ, വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീന്‍ പിടിക്കാന്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ജില്ലയില്‍ കനത്ത മഴ

ജില്ലയില്‍ കനത്ത മഴ തുടരുന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്.

വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. നെയ്യാറ്റിന്‍കര ടി.ബി ജംക്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com